സൌഹൃദസന്ദേശവുമായി ഗിലാനിയെത്തി

ചണ്ഡിഗഢ്| WEBDUNIA|
PRO
PRO
മൊഹാലിയിലെ ക്രിക്കറ്റ് ആവേശത്തില്‍ പങ്കെടുക്കാനായി പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ഇന്ത്യയിലെത്തി. 12:15-ന് അദ്ദേഹം എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്ത് മിനിട്ട് വൈകിയാണ് അദ്ദേഹത്തെയും വഹിച്ചുകൊണ്ടുള്ള പാകിസ്താന്‍ എയര്‍ഫോഴ്സ് വിമാനം ചണ്ഡിഗഢ് വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് ഗിലാനിയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഗിലാനി താജ് ചണ്ടിഗഢ് ഹോട്ടലിലേക്ക് പോകും. പാക് താരങ്ങളും ഈ ഹോട്ടലിലാണ് തങ്ങുന്നത്. തുടര്‍ന്ന രണ്ട് മണിയോടെ അദ്ദേഹം ഇന്ത്യ-പാക് മത്സരം വീക്ഷിക്കുന്നതിനായി പഞ്ചാബ് കിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തിലെത്തും. വൈകുന്നേരം വരെ ഇരുപ്രധാനമന്ത്രിമാരും മത്സരം വീക്ഷിക്കും.

തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി ഗിലാനിയും മന്‍‌മോഹനും ചര്‍ച്ച നടത്തുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് മന്‍മോഹന്‍ സിംഗ് അദ്ദേഹത്തിന് അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. 30 പേരാണ് വിരുന്നില്‍ പങ്കെടുക്കുക. മഹത്തായ ഒരു മത്സരം പ്രതീക്ഷിച്ചാണ് താന്‍ ഇന്ത്യയില്‍ എത്തുന്നതെന്നും സൌഹൃദം വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും ഗിലാനി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പറഞ്ഞിരുന്നു.

ഇന്ത്യ-പാക് സമാധാനചര്‍ച്ചകള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഗിലാനിയുടെ സന്ദര്‍ശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :