രാജ്യത്തെ നാല് മെട്രോ നഗരങ്ങളില്‍ സുപ്രീംകോടതികള്‍ സ്ഥാപിക്കണമെന്ന ലോ കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രാലയം ഗൌരവമായി പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ലോ കമ്മീഷന് നിര്‍ദ്ദേശപ്രകാരം നാല് സുപ്രീംകോടതികള്‍ സ്ഥാപിക്കുന്നത് കെട്ടിക്കിടക്കുന്ന കേസുകളില്‍ പെട്ടെന്ന് തീര്‍പ്പ് കല്പ്പിക്കാന് സഹായിക്കുമെന്നതാണ് നിയമമന്ത്രാലയം ഇക്കാര്യം ഗൌരവമായി എടുക്കാന്‍ കാരണം.
ന്യൂഡല്‍ഹിയിലെ ഫെഡറല്‍ കോടതി ഭരണഘടനാപരമായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യണമെന്നും നിയമപരമായ അപ്പീലുകള്‍ കൈകാര്യം ചെയ്യാന്‍ നാല് മെട്രോ നഗരങ്ങളില്‍ നാല് സുപ്രീംകോടതികള്‍ സ്ഥാപിക്കണമെന്നുമാണ് ലോ കമ്മീഷന്റെ ഇരുനൂറ്റി ഇരുപത്തിയൊമ്പതാം റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. അടുത്തസമയത്ത്, ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനും ഇക്കാര്യത്തെ പിന്തുണച്ചിരുന്നു.
നാല് സുപ്രീംകോടതികള്‍ നിലവില്‍ വരുന്നതില്‍ ഭരണഘടനാ പ്രശ്നമൊന്നുമുണ്ടാവില്ല. എന്നാല്‍, ഫെഡറല്‍ കോടതി ഭരണഘടനാ കേസുകള്‍ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ എന്ന മാറ്റം നിലവില്‍ വരുത്താന്‍ ഭരണഘടനാ ഭേദഗതി വേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.
വടക്ക് ഡല്‍ഹിയിലും തെക്ക് ചെന്നൈയിലോ ഹൈദരാബാദിലും കിഴക്ക് കൊല്‍ക്കത്തയിലും പടിഞ്ഞാറ് മുംബൈയിലും മേല്‍ക്കോടതി ബഞ്ചുകള്‍ സ്ഥാപിക്കണമെന്നാണ് ലോ കമ്മീഷന് നിയമമന്ത്രി വീരപ്പമൊയ്ലിക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.