പബുകളില്‍ തിരക്കൊഴിയുമ്പോള്‍...

WEBDUNIA|
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പബുകളും മറ്റ് നിശാക്ലബുകളും വ്യാപകമായിട്ട് ഏറെക്കാലമായിട്ടില്ല. എന്നാല്‍, ഈ കുറച്ചുകാലത്തിനകം ജീവിതം ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ഇടത്താവളമായി പബുകള്‍ മാറി. ചടുലതയാര്‍ന്ന സംഗീതവും നൃത്തവും നിറഞ്ഞ രാവുകള്‍ യുവാക്കളില്‍ ഒരു വിഭാഗത്തിന്‍റെ ഹരമായി.

എന്നാല്‍, ഐ ടി രംഗത്തെ തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും പബുകളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പഴയ ആവേശത്തോടെ ഇന്ത്യന്‍ യുവത്വം പബുകളിലേക്ക് ഒഴുകുന്നില്ല. പണമാണ് ഏറ്റവും പ്രധാന പ്രശ്നം. മറ്റൊന്ന് ശ്രീരാമസേന പോലെയുള്ള ചില സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി.

മെട്രോകളില്‍ ജോലിയുടെ ക്ഷീണം തീര്‍ക്കാന്‍ യുവാക്കളുടെ ആദ്യത്തെ ചോയ്സായി നിശാക്ലബുകള്‍ മാറിയിരുന്നു. രണ്ടു പെഗ്ഗ് കഴിക്കാം, ത്രസിപ്പിക്കുന്ന സംഗീതത്തിനൊത്ത് അല്‍‌പനേരം ചുവടുവയ്ക്കാം - മൊത്തം രണ്ടോ മൂന്നോ മണിക്കൂറുകള്‍. അതിന് ആയിരങ്ങളാണ് നിശാക്ലബുകള്‍ ഈടാക്കുന്നത്. ഐ ടി രംഗത്തിന്‍റെ രാജകീയപ്രൌഢി അവസാനിച്ചതോടെയാണ് ക്ലബുകളില്‍ ആളൊഴിഞ്ഞു തുടങ്ങിയത്.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തൊഴില്‍ നഷ്ടപ്പെടാമെന്ന നിലയിലാണ് മിക്ക ഐ ടി കമ്പനികളിലെയും സ്ഥിതി. പണം ധൂര്‍ത്തടിച്ച് ജീവിതം ആഘോഷിച്ചിരുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു. ജോലിഭാരം കൊണ്ട് തളര്‍ന്നു വരുന്ന യുവാക്കള്‍ നിശാക്ലബ് എന്ന പ്രലോഭനത്തിന് നേരെ മുഖം തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നിശാക്ലബുകളില്‍ സിഗരറ്റ് വലിക്കുന്നത് നിരോധിച്ചതും പബുകളില്‍ ആള്‍ കുറഞ്ഞതിന് കാരണമായി വിലയിരുത്തപ്പെടുന്നു.

ജീവിതാഘോഷം പബുകളില്‍ നിന്ന് സിനിമാഹാളുകളിലേക്കും സുഹൃത്തുക്കളോടൊപ്പം അല്‍‌പം മദ്യസേവയിലേക്കും വീണ്ടും തിരിച്ചു പോകുകയാണ്. പണമില്ലായ്മയെന്ന കറുത്ത യാഥാര്‍ത്ഥ്യം അംഗീകരിച്ച് ചെലവുചുരുക്കല്‍ നടപടികളിലേക്ക് ഇന്ത്യന്‍ യുവത്വവും മാറുകയാണ്.

പബുകളില്‍ നിന്ന് ലഭിക്കുന്ന ആനന്ദം ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദവുമായി ശ്രീരാമസേനയും മറ്റ് ചില സംഘടനകളും രംഗത്തു വന്നതും ഈയിടെയാണ്. മംഗലാപുരത്ത് പബില്‍ നടന്ന ആക്രമണവും വാലന്‍റൈന്‍ ദിനത്തിനെതിരെ നടക്കുന്ന പ്രചരണങ്ങളും നിശാക്ലബുകളിലെ തിരക്കിന് അന്ത്യം കുറിച്ചു.

എന്നാല്‍, സാമ്പത്തികപ്രതിസന്ധി മാറുന്നതിനൊപ്പം പബ് സംസ്കാരം വീണ്ടും ഇന്ത്യന്‍ മെട്രോകളില്‍ ആധിപത്യം നേടുമെന്ന സ്വപ്നങ്ങള്‍ സൂക്ഷിക്കുന്നവരും കുറവല്ല. ശ്രീരാമസേനയെ പ്രതിരോധിക്കാന്‍ ‘പിങ്ക് അടിവസ്ത്ര കാമ്പയി’നുമായി ചിലര്‍ രംഗത്തെത്തിയതും വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ‘പബുകള്‍ വേണമോ വേണ്ടയോ’ എന്നത് ഒരു വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നതിന്‍റെ ലക്‍ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :