സിബിഐയുടെ ആദ്യ വനിത അഡീഷണല്‍ ഡയറക്ടര്‍ക്ക് പുരട്‌ചി തലൈവിയുടെ സസ്പെ‌ന്‍ഷന്‍

ചെന്നൈ| Last Modified വെള്ളി, 9 മെയ് 2014 (12:42 IST)
കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ സിബിഐയുടെ ആദ്യ വനിത അഡീഷണല്‍ ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍. സിബിഐയുടെ ആദ്യ വനിത അഡീഷണല്‍ ഡയറക്‍ടറായി അര്‍ച്ചന രാമസുന്ദരം അധികാരമേറ്റ് മണിക്കൂറുകള്‍ക്കകമാണ് തമിഴ്നാട് മുഖ്യമന്ത്രി അര്‍ച്ചനയെ സസ്പെന്‍ഡ് ചെയ്തത്. തമിഴ്നാട് ഏകീകൃത സര്‍വീസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍പേഴ്സണായിരിക്കെ കേന്ദ്ര സര്‍വീസിലേക്ക് പോയതിലുള്ള പ്രശ്നമാണ് അര്‍ച്ചനയുടെ സസ്പെന്‍ഷനില്‍ കലാശിച്ചത്.

തമിഴ്നാട് സര്‍വീസില്‍ ജോലിചെയ്യവേ ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് അര്‍ച്ചന രാമസുന്ദരത്തെ സിബിഐ അഡീഷണല്‍ ഡയറക്ടറാക്കിയത്. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സിബിഐ അഡീഷണല്‍ ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ചുവെന്ന് കാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ജയലളിത അര്‍ച്ചനെ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ സസ്പെന്‍ഷന്‍ ഉത്തരവ് തമിഴ്നാട് ചീഫ് സെക്രട്ടറി
മോഹന്‍വര്‍ഗീസ് ചുങ്കത്ത് അര്‍ച്ചനയ്ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട പോസ്റ്റിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ മറ്റ് ജോലികള്‍ ഏറ്റെടുക്കരുതെന്ന ചട്ടം കാണിച്ചാണ് സസ്പെന്‍ഷനെന്ന് ചീഫ് സെക്രട്ടറി മോഹന്‍ വര്‍ഗ്ഗീസിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഓള്‍ ഇന്ത്യ സര്‍വീസ് മാനുവല്‍ പ്രകാരം കേന്ദ്ര സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരെ അടിയന്തര സാഹചര്യം വന്നാല്‍ സംസ്ഥാനങ്ങളെ അറിയിക്കാതെ തിരിച്ചുവിളിക്കാമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറയുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് അഡീഷണല്‍ ഡയറക്ടറായി അര്‍ച്ചനയെ നിയമിച്ചത്. അതിനാല്‍ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

1999- 2006 കാലയളവില്‍ സിബിഐ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറലായി ജോലി ചെയ്ത സമയത്ത് തെല്‍ഗി സ്റ്റാമ്പ് അഴിമതിക്കേസുകള്‍ അടക്കം അന്വേഷിച്ച ഉദ്യഗസ്ഥയാണ് അര്‍ച്ചന രാമസുന്ദരം. തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :