സിഖ് കൂട്ടക്കൊലക്കേസിലെ മൂന്ന് പ്രതികള്‍ ദില്ലി കര്‍ക്കദുമ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബല്‍വാക് ഖോക്കര്‍, ഗിരിധരി ലാല്‍, ക്യാപ്റ്റന്‍ ദഗ്മല്‍ എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊലപാതകം, കലാപം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.
കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് രണ്ട് പ്രതികളില്‍ ഒരാള്‍ക്ക് 2 വര്‍ഷം തടവും മറ്റൊരാള്‍ക്ക് 3 വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.
1984ലെ സിഖ് വിരുദ്ധ കലാപത്തിനിടയില്‍ ദില്ലി കന്റോണ്‍മെന്റില്‍ അഞ്ച് സിഖുകാരെ കൂട്ടക്കൊല ചെയ്ത കേസിലാണ് സിബിഐ കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാറിനെ കോടതി കുറ്റവിമുക്തനാക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.