ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 23 നവംബര്‍ 2010 (18:15 IST)
PTI
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന ഒരു പരിപാടിയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ച ടെലികോം മന്ത്രി എ രാജയുടെ പുറത്ത് മെല്ലെയൊന്നു തട്ടി, സംഭവം ബിജെപി വിവാദവുമാക്കി! 2ജി അഴിമതി പ്രശ്നം കത്തി നില്‍ക്കുന്ന സമയമായതിനാലാണ് സിംഗിന്റെ സ്വാഭാവിക ഇടപെടലിനെ പോലും പ്രതിപക്ഷം വിമര്‍ശിക്കുന്നത്.
പാര്‍ലമെന്റിന്റെ സെന്‍ഡ്രല്‍ ഹാളില്‍ ഡിഎംകെയുടെ ഒരു പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു സിംഗ്. അവിടെവച്ച് രാജയുമായി കണ്ടുമുട്ടിയപ്പോള്‍ സൌഹാര്‍ദ്ദ സൂചകമായി മുന്‍ കാബിനറ്റ് മന്ത്രിയുടെ തോളില്‍ മെല്ലെയൊന്നു തട്ടുകയും ചെയ്തു.
എന്നാല്‍, സുപ്രീംകോടതിയില്‍ 2ജി അഴിമതി കേസ് വിചാരണ നടക്കുമ്പോള്‍ കുറ്റാരോപിതനോട് പ്രധാനമന്ത്രി ഇത്തരത്തില്‍ പെരുമാറിയത് തെറ്റായ സന്ദേശമാണ് പൊതുകനങ്ങള്‍ക്ക് നല്‍കുന്നത് എന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ അഭിപ്രായപ്പെട്ടു. ബിജെപിയാണ് പ്രശ്നത്തില്‍ ആദ്യ പ്രതികരണം നടത്തിയത്.
എന്നാല്‍, വ്യക്തി ബന്ധങ്ങള്‍ സ്വിച്ച് ഓണ്‍ അവസ്ഥയിലും സ്വിച്ച് ഓഫ് അവസ്ഥയിലും ആക്കാന്‍ സാധിക്കില്ല എന്ന് പ്രധാമന്ത്രിയെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു. രാജ ഒരു സഹപ്രവര്‍ത്തകനായിരുന്നു എന്നും അന്വേഷണങ്ങള്‍ അതിന്റെ വഴിക്ക് നടക്കുന്നുണ്ട് എന്നും വ്യക്തിബന്ധങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
2ജി അഴിമതിയില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ കഴിഞ്ഞ എട്ട് ദിവസമായി തടസ്സപ്പെടുത്തുകയാണ്. 2ജി വിതരണത്തില്‍ നടന്ന ക്രമക്കേട് മൂലം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നഷ്ടമായി എന്നാണ് സിഎജി കണ്ടെത്തിയത്.