സല്‍മാന്‍ കേസ്: വേണ്ടത് ജീവിതമാര്‍ഗമെന്ന് കൊല്ലപ്പെട്ട ആളുടെ ഭാര്യ

ന്യൂഡല്‍ഹി| Last Modified വ്യാഴം, 7 മെയ് 2015 (14:33 IST)
2002ലെ വാഹനാപകട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും തങ്ങള്‍ക്ക് വേണ്ടത് ജീവിതമാര്‍ഗമാണെന്ന് അപകടത്തില്‍ മരിച്ച നൂറുള്ള മഹബൂബ് ഷരീഫിന്റെ ഭാര്യ. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ന നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തില്ല. അന്നന്നത്തെ ഭക്ഷണത്തിന് വേണ്ടി തങ്ങള്‍ കഷ്ടപ്പെടുകയാണ്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുന്നില്ല. തങ്ങള്‍ക്ക് സഹായമാണ് ആവശ്യം. തന്റെ മകന് ജോലി നല്‍കാന്‍ ആരെങ്കിലും തയ്യാറാകണമെന്നും നൂറുള്ളയുടെ ഭാര്യ പറയുന്നു.

സല്‍മാനെ ശിക്ഷിക്കുന്നതിനെക്കാള്‍ തങ്ങള്‍ക്ക് വേണ്ടത് നഷ്ടപരിഹാരമായി പണമാണെന്ന് അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ട അബ്ദുല്‍ റഊഫ് ശൈഖ് പറഞ്ഞു.
മദ്യപിച്ച് വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് 5 വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചിരുന്നു. താരത്തിന്റെ പൊതുജീവിതം, സമാനമായ മുന്‍ കേസുകളിലെ വിധി, സാമൂഹ്യ സേവനം എന്നിവ പരിഗണിച്ചാണ് കോടതിയുടെ വിധി.
13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാനെതിരെ ആരോപിക്കപ്പെട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :