പാകിസ്ഥാനില്‍ ജയിലിലുള്ള ഇന്ത്യന്‍ വംശജന്‍ സരബ്ജീത് സിംഗിന്‍റെ മോചനത്തിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഇന്ന് പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ലാഹോര്‍ ബെഞ്ചില്‍ പുതിയ ദയാ ഹര്‍ജി സമര്‍പ്പിക്കും. ഇതോടൊപ്പം പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിക്കും ദയാഹര്‍ജി നല്‍കുമെന്ന് സരബ്‌ജിത്തിന്‍റെ പുതിയ അഭിഭാഷകന്‍ ഓവൈസ് ഷെയ്ഖ് പറഞ്ഞു.
സരബ്ജിത്തിന്‍റെ വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. സരബ്‌ജിത്തിന്‍റെ അഭിഭാഷകനായിരുന്ന റാണാ അബ്ദുള്‍ ഹമീദ് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നായിരുന്നു സുപ്രിം കോടതി സരബ്‌ജിത്തിന്‍റെ ഹര്‍ജി തള്ളിയത്.
ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയുന്നതിന് അനുവദിക്കണമെന്നും മാപ്പ് നല്‍കണമെന്നും അപേക്ഷിച്ച് സരബ്ജീത് എഴുതിയ കത്ത് പ്രസിഡന്‍റ് സര്‍ദാരിക്ക് നല്‍കുമെന്ന് ഷെയ്ഖ് അറിയിച്ചു. 1990ല്‍ ലാഹോറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് സരബ്ജീതിനെ പാക് കോടതി വധശിക്ഷക്ക് വിധിച്ചത്.
2008 ഏപ്രില്‍ ഒന്നിന് സരബ്ജീതിന്‍റെ ശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.