സംയുക്ത പ്രസ്താവന: സിംഗ് ഇന്ന് പ്രസ്താവന നടത്തും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദമായ ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള വിശദീകരണം ഇന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്റിന് നല്‍കും.

ഭീകരതയെയും ഇന്തോ-പാക് ഉഭയകക്ഷി ചര്‍ച്ചയെയും തമ്മില്‍ ബന്ധിപ്പിക്കേണ്ട എന്ന നിലപാടും ബലൂചിസ്ഥാന്‍ വിഷയം ഉള്‍പ്പെടുത്തിയതുമാണ് സംയുക്ത പ്രസ്താവനയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഭീകരതെയ്ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കാത്ത പക്ഷം ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇല്ല എന്നതായിരുന്നു ഇന്ത്യ തുടര്‍ന്ന് വന്ന നിലപാട്.

ബലൂചിസ്ഥാനില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയതിനു കാരണം ആ വിഷയം സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും പ്രധാന പ്രതിപക്ഷമായ ബിജെപി വിമര്‍ശിച്ചിരുന്നു.

എന്നാല്‍, സംയുക്ത പ്രസ്താവനയെ സംബന്ധിച്ച് പാര്‍ട്ടിക്കും സര്‍ക്കാരിനു ഒരേ അഭിപ്രായമാണെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ സിംഗിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ബിജെപിയുടെ വാദത്തെ എതിര്‍ക്കും എന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും സംയുക്ത പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്വന്തം നിലപാട് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :