ബജറ്റ്‌ സമ്മേളനത്തിന് ഇന്നു തുടക്കം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (09:32 IST)
പാര്‍ലമെന്‍റിന്‍റെ ബഡ്ജറ്റ്‌ സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ഇന്ന്‌ തുടക്കമാവും. ഇന്ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേളനത്തെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിസംബോധന ചെയ്യും.

വെള്ളിയാഴ്ച റയില്‍വെ ബഡ്ജറ്റും തിങ്കളാഴ്ച ഇടക്കാല ബജറ്റും ലോകസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങുന്നതായിരിക്കും റയില്‍‌വെ, പൊതു ബഡ്ജറ്റുകളെന്ന് സൂചനയുണ്ട്.

10 പ്രവൃത്തി ദിവസങ്ങളാകും ബജറ്റ്‌ സമ്മേളനത്തില്‍ ഉണ്ടാകുക. റയില്‍വേ ബഡ്ജറ്റ്, ഇടക്കാല ബഡ്ജറ്റ് എന്നിവയ്ക്ക് പുറമെ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള ഝാര്‍ഖണ്ഡിന്‍റെ സംസ്ഥാന ബഡ്ജറ്റും ലോകസഭയില്‍ അവതരിപ്പിക്കും.

ജഡ്ജിമാരുടെ സേവനവ്യവസ്ഥകളും ശമ്പളവും സംബന്ധിച്ച ബില്‍, കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനാ ഭേദഗതി ബില്‍, കേന്ദ്ര സര്‍വകലാശാല ബില്‍ എന്നിവയടക്കം 27 ബില്ലുകള്‍ ഈ കാലയളവില്‍ സഭയില്‍ അവതരിപ്പിക്കും. പതിനാലാം ലോകസഭയുടെ അവസാന സമ്മേളനമാണിത്.

സഭാനടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്ന്‌ ലോക്സഭാ സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കക്ഷി നേതാക്കള്‍ ഉറപ്പു നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :