സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

മുംബൈ| WEBDUNIA|
PRO
പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി(രവിശങ്കര്‍ ശര്‍മ) അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.

ബുധനാഴ്ച വൈകുന്നേരം രണ്ടുതവണ തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബോംബെ രവിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അസുഖബാധിതനായതിനെ തുടര്‍ന്ന് ബോംബെ രവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖങ്ങള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു.

മലയാളത്തിലുള്‍പ്പടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. എം ടി - ഹരിഹരന്‍ ടീമിന്‍റെ ചിത്രങ്ങളിലൂടെയാണ് ബോംബെ രവി മലയാളികളുടെ ഹൃദയം കവര്‍ന്നത്.

പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പരിണയം, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, ഒരു വടക്കന്‍ വീരഗാഥ, വിദ്യാരംഭം, സര്‍ഗം, സുകൃതം, ഗസല്‍, പാഥേയം, മനസില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം തുടങ്ങിയവയാണ് മലയാളത്തില്‍ ബോംബെ രവി ഈണമിട്ട ചിത്രങ്ങള്‍.

വക്ത്, നീല്‍ കമല്‍, ഫൂല്‍ ഓര്‍ പത്തര്‍, ഹം‌രാസ്, നിക്കാഹ്, ആംഖേം തുടങ്ങിയ ഹിന്ദിച്ചിത്രങ്ങളില്‍ ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ പ്രശസ്തങ്ങളാണ്.

ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ബോംബെ രവി നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :