മുംബൈ|
BIJU|
Last Modified ശനി, 27 മെയ് 2017 (19:46 IST)
രാജ്യത്തെ നടുക്കിയ
ഷീന ബോറ കേസ് അന്വേഷിച്ച സംഘത്തിലെ പൊലീസുകാരന്റെ ഭാര്യയെ മകന് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ കാരണങ്ങള്‍ പലതാണെന്ന് പൊലീസ്. മാതാവ് ദിപാലിയെ മകന് സിദ്ധാന്ത്(20) ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട സിദ്ധാന്തിനെ പിന്നീട് പൊലീസ് പിടികൂടി.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ദിപാലി(41)യെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒമ്പത് കുത്തുകളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ദിപാലിയുടെ ഭര്‍ത്താവ് ഇന്‍സ്പെക്ടര്‍ ധ്യാനേശ്വര്‍ ഗനോര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്.
കോളജില്‍ നിന്ന് സിദ്ധാന്തിന് ലഭിച്ച മാര്‍ക്ക് ഷീറ്റ് ദിപാലി ആവശ്യപ്പെടുകയും അതേത്തുടര്‍ന്ന് ഉണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തന്റെയൊപ്പം കോളജില്‍ വരണമെന്നും മാര്ക്കിനെപ്പറ്റി അന്വേഷിക്കണമെന്നും ദിപാലി മകനെ നിര്‍ബന്ധിച്ചത്രേ. ഇതുമൂലമുണ്ടായ വൈരാഗ്യമാണ് ദിപാലിയെ കൊലപ്പെടുത്തുന്നതിലേക്ക് സിദ്ധാന്തിനെ നയിച്ചതെന്നാണ് വിവരം.
എന്നാല്‍ ഇതുമാത്രമല്ല, മറ്റ് ചില കാരണങ്ങളും കൊലപാതകത്തിനുണ്ട് എന്നാണ് പൊലീസ് തന്നെ നല്കുന്ന വിവരം. മാതാപിതാക്കള്‍ തമ്മില്‍ നിരന്തരം വഴക്കിടുന്നതില്‍ അങ്ങേയറ്റം നിരാശനും അസ്വസ്ഥനുമായിരുന്നു സിദ്ധാന്തെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികെ തറയില്‍ രക്തം കൊണ്ട് സിദ്ധാന്ത് ഇങ്ങനെയെഴുതിയിരുന്നു - ‘അമ്മയെക്കൊണ്ട് ക്ഷമ നശിച്ചു. എന്നെ വേഗം പിടികൂടി തൂക്കിലേറ്റൂ’.
രക്ഷപ്പെട്ട് ജോധ്പൂരിലെത്തിയ സിദ്ധാന്തിനെ ഒരു ഹോട്ടലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.