ഐ പി എല്‍ വാതുവയ്പുമായി ബന്ധപ്പെട്ട അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശ്രീശാന്തിനെയും അജിത് ചാന്ദിലയെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ അവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സാകേത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് യോഗേഷ് ഖന്നയാണ്.
പൊലീസിന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെടും. ശ്രീശാന്തിന്റെ കേസ് വാദിക്കുന്നതു പ്രമുഖ അഭിഭാഷക റബേക്ക ജോണാണ്.
ജാമ്യം ലഭിച്ചാല്‍ ശ്രീശാന്തിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.
വാതുവയ്പുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പനെയും ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗിനെയും ജൂണ്‍ 14വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി നീട്ടണമെന്ന മുംബൈ പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.