ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (12:28 IST)
നിയമവിരുദ്ധമായി ബിരുദം സമ്പാദിച്ച കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തോമറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, തോമറിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 13 വരെ നീട്ടി. ഈ മാസം 16ന് തോമറിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ഒപ്പം, തോമറിനെ വ്യാജബിരുദം സമ്പാദിച്ച കോളജിലും സര്‍വ്വകലാശാലയിലും എത്തിച്ച് തെളിവെടുപ്പ് നടക്കും. ഫൈസാബാദില്‍ നിന്ന് ആണ് തോമര്‍ ബി എസ് സി ബിരുദം നേടിയത്.
ചൊവ്വാഴ്ച ആയിരുന്നു തോമറിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന്, സാകേത് കോടതി തോമറിനെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ടോമറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ അവധ് സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദവും ബീഹാറിലെ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും ലഭിച്ചിട്ടുണ്ടെന്നാണ് തോമര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ടോമറിന്റെ ബിരുദങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ബാര്‍ കൌണ്‍സില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.