കൊല്ലപ്പെട്ട എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അമ്മ പാര്‍വതി അമ്മാള്‍(81)അന്തരിച്ചു. വടക്കന്‍ ജാഫ്‌നയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ശരീരം ഭാഗികമായി തളര്‍ന്ന നിലയില്‍ ഒരു മാസമായി ഇവര്‍ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മലേഷ്യയില്‍ താമസിച്ചിരുന്ന പാര്‍വതി അമ്മാള്‍ ചികിത്സയ്ക്കായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ എത്തിയെങ്കിലും അധികൃതര്‍ അവരെ മടക്കി അയച്ചിരുന്നു. ഇവര്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ പൊലീസ് അനുമതി നല്‍കിയില്ല. പാര്‍വതി വരുന്നതറിഞ്ഞ് വൈക്കോ, നെടുമാരന്‍ തുടങ്ങിയ എല്‍ ടി ടി ഇ അനുഭാവമുള്ള നേതാക്കളോടൊപ്പം നൂറ്റമ്പതോളം ആളുകള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു.
2009 മെയ് 18 ന് പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയപ്പോള്‍ പ്രഭാകരന്റെ മാതാപിതാക്കളെ അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ കണ്ടെത്തി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2010 ജനുവരിയില്‍ പ്രഭാകരന്റെ പിതാവ് തിരുവെങ്കടം വേലുപ്പിള്ള മരിച്ചതിനു പിന്നാലെ പാര്‍വതി അമ്മാളെ സൈന്യം വിട്ടയക്കുകയായിരുന്നു.