മാധ്യമപ്രവര്‍ത്തകരെ ബീഹാര്‍ എം.എല്‍.എ പൂട്ടിയിട്ട് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച പ്രതിപക്ഷമായ ആര്‍.ജെ.ഡി ബീഹാര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ അടുത്തസുഹൃത്തും മൊകാമേ മണ്ഡലത്തില്‍ നിന്നുള്ള ജനതാദള്‍-യു എം.എല്‍.എയുമായ അനന്ത് സിംഗിന്‍റെ അംഗരക്ഷകരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് വ്യാഴാഴ്‌ച മര്‍ദനമേറ്റത്.
പരാതിയെപ്പറ്റി എം.എല്‍.എയുടെ പ്രതികരണമാരാഞ്ഞെത്തിയ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍,ക്യാമറമാന്‍ എന്നിവരെ എം.എല്‍.എയും കൂട്ടാളികളും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. സംഭവ അറിഞ്ഞെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.പൊലീസെത്തിയാണ് ബന്ദികളാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇവരുടെ പരാതിയനുസരിച്ച് പിന്നീട് എം.എല്‍.എയേയും കൂട്ടാളികളെയും അറസ്റ്റു ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ മര്‍ദനം അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് ബന്ദിന് ആഹ്വാനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് റാബ്രി ദേവി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം വന്‍വിവാദമായതിനെത്തുടര്‍ന്ന് എം.എല്‍.എക്കെതിരായ കേസില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.