വിഎസ് വിശ്വസ്തരുടെ ചിറകരിഞ്ഞ് പാര്‍ട്ടി; പരാതി അന്വേഷിക്കാന്‍ ആറംഗ കമ്മീഷന്‍
ന്യൂഡല്‍ഹി|
WEBDUNIA|
PRO
പാര്‍ട്ടിനടപടിയില്‍ നിന്നും വിശ്വസ്തരെ രക്ഷിക്കാന്‍ വി എസിനായില്ല. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പുറത്താക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിന് അംഗികാരം.
എന്നാല്‍ വി എസ് അച്യുതാന്ദന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ സിപിഎം പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടുന്ന ആറംഗ കമ്മീഷന്‍ ആണ് രൂപീകരിച്ചത്.
സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, എ കെ പത്മനാഭന്‍, തുടങ്ങിയവര്‍ കമ്മീഷനിലെ അംഗങ്ങളാണ്. പി കരുണാകരന്‍ കമ്മീഷന്റെ കണ്ടെത്തലുകളും ഈ കമ്മീഷന്‍ പരിശോധിക്കും. സംസ്ഥാന കമ്മറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് ഇവര്‍ വി എസിന്റെ പരാതികള്‍ പരിശോധിക്കും.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരായ തന്റെ പരാതികള്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തില്‍ വി എസ് ഉള്‍പ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ പുറത്താക്കാനുള്ള സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
വിഎസ്സിന്റെ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.
വി എസ് പങ്കെടുക്കാത്ത യോഗത്തില്‍നിന്നും വാര്‍ത്ത ചോരുന്നുണ്ടെന്നും വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടെന്നും തങ്ങള്‍ക്കെതിരെയുള്ള നടപടിയിലൂടെ ഔദ്യോഗിക വിഭാഗം വിഎസിനെയാണ് ലക്ഷ്യമിടുന്നത് എന്നും കാണിച്ച് നേരത്തെ വി എസിന്റെ സ്റ്റാഫംഗങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച്ച വൈകിട്ട് 3.30ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.