വിവാദ സ്വാമി നിത്യാനന്ദ അറസ്റ്റില്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
കര്‍ണാടക പൊലീസിനെ വെട്ടിച്ച് മുങ്ങിയ വിവാദ സ്വാമി കോടതിയില്‍ കീഴടങ്ങി. കര്‍ണാടകയിലെ രാമനഗരം കോടതിയിലാണ് നിത്യാനന്ദ കീഴടങ്ങിയത്. ഉച്ചതിരിഞ്ഞ് 3:10 ഓടെയാണ് നിത്യാനന്ദ കീഴടങ്ങാന്‍ എത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ലൈംഗികാരോപണം, മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കല്‍ എന്നിങ്ങനെ രണ്ട് കേസുകളാണ് നിത്യാനന്ദയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാമനാഗര ജില്ലയിലെ നിത്യാനന്ദയുടെ ബിദാദി ആശ്രമം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിത്യാനന്ദയെ അറസ്‌റ്റ് ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൌഡ രണ്ട് ദിവസം മുമ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

ഈയിടെ നിത്യാനന്ദ തന്റെ ആശ്രമത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ആശ്രമം അടച്ചുപൂട്ടാനും നിത്യാനന്ദയെ അറസ്റ്റ് ചെയ്യാനും ഉത്തരവുണ്ടായത്.

അമേരിക്കയില്‍ കഴിയുന്ന ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തിനു മറുപടി പറയാനാണ് നിത്യാനന്ദ വാര്‍ത്താസമ്മേളനം വിളിച്ചത്. സ്ത്രീയുടെ പരാതി പ്രകാരം യു എസ് കോടതിയില്‍ നിന്ന് സമന്‍സ് ലഭിച്ചിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചത് നിത്യാനന്ദനെ ചൊടിപ്പിച്ചു. സമന്‍സിന്റെ കോപ്പി തന്റെ പക്കല്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞതോടെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് ഇയാളെ കൈയേറ്റം ചെയ്ത് പുറത്താക്കി എന്നാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രശ്നങ്ങളെ തുടര്‍ന്ന് നവനിര്‍മാണ സേനാ പ്രവര്‍ത്തകരും കന്നഡ രക്ഷണ വേദിഗെ പ്രവര്‍ത്തകരും ആശ്രമത്തിലെത്തി പ്രതിഷേധിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :