വിപ്രോ ജീവനക്കാരിയെ പീഡിപ്പിച്ച് കൊന്ന 2 പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പൂനെ വിപ്രോയില്‍ ജോലി ചെയ്തിരുന്ന 22കാരിയായ ബിപി‌ഒയെ ബലാത്സംഗം ചെ‌യ്‌ത് കൊന്ന രണ്ട് പേര്‍ക്ക് ബോംബെ ഹൈക്കോടതി വിധിച്ചു. പുരുഷോത്തം ബൊറാതെ, പ്രദീപ് കോകഡെ എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കിയത്.

ഹൈക്കോടതില്‍ ജസ്‌റ്റിസുമാരായ വി‌എം കാന്‍ഡേ, പിടി കോഡ് എന്നിവരാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വധശിക്ഷ വിധിക്കുകയായിരുന്നു. ഒരു സ്‌ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊന്ന ഇവര്‍ മൃതദേഹത്തിനോടുപോലും നീതി കാട്ടിയില്ല. ഇവര്‍ സമൂഹത്തിന് ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മരണശിക്ഷ വിധിച്ചത്. വിധി കേട്ട് പ്രതികള്‍ രണ്ട് പേരും കോടതിയില്‍ പൊട്ടിക്കരഞ്ഞിരുന്നു.

2007 നവംബര്‍ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിപ്രോയിലെ ബസ് ഡ്രൈവറാണ് ബൊറാതെ. രാത്രി ജോലി കഴിഞ്ഞ് പെണ്‍കുട്ടി കമ്പനി ബസില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ ആളൊഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി തനിച്ചാണ് വീ‍ട്ടിലേക്ക് യാത്ര തിരിച്ചത്. ഈ സമയം ബസില്‍ ബൊറാതെയോടൊപ്പം സുഹൃത്തായ കോകഡെയുമുണ്ടായിരുന്നു. പെണ്‍കുട്ടി അറിയാതെ അക്രമികള്‍ ബസ് തെറ്റായ ദിശയില്‍ ഓടിച്ചുകൊണ്ട് പോകുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ ഇവര്‍ പെണ്‍കുട്ടിയെ മറിമാറി ക്രൂരമായി പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായി മുഖം കത്തി ഉപയോഗിച്ച് വികൃതമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :