വണ്ടി തട്ടി ഒരാള്‍ മരിച്ച സംഭവം: സല്‍മാന്റെ കേസില്‍ വിധി മെയ് ആറിന്

മുംബൈ| JOYS JOY| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (12:52 IST)
വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ വണ്ടി കയറി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന് എതിരെയുള്ള കേസില്‍ മെയ് ആറിന് വിധി പറയും. ജഡ്‌ജ് ഡി ഡബ്ല്യു ദേശ്‌പാണ്ഡെ ചൊവ്വാഴ്ച അറിയിച്ചതാണ് ഇക്കാര്യം. വിധി പ്രഖ്യാപിക്കുന്ന ദിവസം സല്‍മാന്‍ ഖാനും കോടതിയില്‍ ഹാജരാകണം.

അതേസമയം, വിചാരണവേളയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ വാഹനം കയറി മരിച്ച കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ താനല്ല തന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചിരുന്നു. താനിരുന്ന ഭാഗത്തെ വാതില്‍ ജാമായിരുന്നതിനാലാണ് ഡ്രൈവറിന്റെ വശത്തു കൂടി ഇറങ്ങിയതെന്നും സല്‍മാന്‍ വ്യക്തമാക്കി.

അപകടത്തിന് മുമ്പ് ബാറില്‍ ആയിരുന്നുവെന്ന് സമ്മതിച്ച സല്‍മാന്‍ അവിടെ നിന്ന് വെള്ളം മാത്രമാണ് കുടിച്ചതെന്നും ബാറില്‍ കൊടുത്ത മദ്യത്തിന്റേയും ഭക്ഷണത്തിന്റേയും ബില്‍ തന്റേതല്ലന്നും കോടതിയില്‍ പറഞ്ഞിരുന്നു.

മുംബൈയിലെ ബാന്ദ്രയില്‍ 2002 സപ്തംബര്‍ 28 ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് സല്‍മാന്‍ ഖാനെതിരെ കേസ് എടുത്തിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :