വംശീയ വിവേചനം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 15 ഫെബ്രുവരി 2014 (11:24 IST)
PTI
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ വിവേചനത്തില്‍നിന്നു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം രൂപപ്പെടുത്താന്‍ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചു.
നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നു കാണിച്ചാണു ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന ബെഞ്ച് നോട്ടിസ് അയച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഏഴ് അഭിഭാഷകര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ് ഈ നടപടി.
വംശീയ വിവേചനം രാജ്യമെമ്പാടും നിലനില്‍ക്കുന്നുവെന്നതിനാല്‍ ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ കണക്കിലെടുക്കണമെന്നു ഹര്‍ജിക്കാര്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണു സുപ്രീം കോടതി പ്രശ്നത്തില്‍ ഇടപെടാന്‍ തയാറായത്.
സമാനമായ ഒരു ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ ആദ്യം സുപ്രീം കോടതി മടിച്ചിരുന്നു.