രാജ്യത്തെ അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ഏകകണ്ഠമായി ശബ്ദവോട്ടോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇതേസമയം ബില്ലില്‍ സിപിഎം കൊണ്ട് വന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച പതിനാല് ഭേദഗതികളോടെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. സിബിഐ മേധാവിയെ പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം നിശ്ചയിക്കുമെന്ന് പുതുക്കിയ ലോക്പാല്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സംഘടനകളെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മതരാഷ്ട്രീയ സംഘടനകളെ ഒഴിവാക്കി. ലോകായുക്ത രൂപീകരണവും ബില്ലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ലോക്പാല്‍ നിയമം നടപ്പാക്കി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ ലോകായുക്ത രൂപീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അഴിമതിക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കണമെന്ന സെനറ്റ് കമ്മിറ്റി ശുപാര്‍ശയ്ക്ക് കേന്ദ്രം ഭേദഗതി വരുത്തി. സ്വത്ത് ഏറ്റെടുക്കും മുമ്പ് വിശദീകരണ നോട്ടീസ് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ബില്ലിനെതിരെ എതിര്‍പ്പുമായി സമാജ് വാദി പാര്‍ട്ടി ഇന്നും രംഗത്തെത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. ലോക്‌സഭയും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.