കൊല്‍ക്കത്ത|
rahul balan|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (14:10 IST)
വോട്ടെടുപ്പിന്റെ അവസാന ഘട്ടമെത്തിയതോടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് പോര് ശക്തമാക്കുകയാണ് പശ്ചിമ ബംഗാളിലെ പാര്‍ട്ടികള്‍. അത്തരത്തില്‍ ഒരു വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റസാഖ് മൊല്ല.
ബി ജെ പി സ്ഥാനാര്‍ത്ഥിയും മുന്‍ ടെലിവിഷന്‍ താരവുമായ രൂപാ ഗാംഗുലിക്കെതിരെയാണ് ലൈംഗിക ചുവയോടെ റസാക്ക് മൊല്ല അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘സീരിയലുകളില്‍ അവര്‍ അഭിനയിച്ചതുപോലെ തന്നെ ശരിക്കും ഒരു ദ്രൗപദി തന്നെയാണ്. അവള്‍ വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് മൊല്ലയുടെ പരാമര്‍ശം. ഇടതുപക്ഷ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മൊല്ലയെ 2014ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു.
അതേസമയം, ബംഗാളിലെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്ത്രീകളോട് ചെയ്യുന്ന അനീതിയുടെ തെളിവാണ് ഇതെന്ന് രൂപാ ഗാംഗുലി പ്രതികരിച്ചു. പ്രചരണം ശ്രദ്ധിക്കപ്പെടാനാണ് മൊല്ല ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങളുമായി നടത്തുന്നതെന്നും അവര്‍ പറഞ്ഞു. പരാമര്‍ശത്തിനെതിരേ ബി ജെ പി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കുകയും ചെയ്‌തു.
പിന്നണി ഗായികയായി ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ അനേകം നേട്ടങ്ങള്‍ സിനിമയില്‍ നിന്നും ഉണ്ടാക്കിയ താരമാണ് രൂപാഗാംഗുലി. അഭിനയരംഗത്ത് നിന്നും രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച അവര്‍ കഴിഞ്ഞ വര്‍ഷമാണ് ബി ജെ പിയില്‍ ചേര്‍ന്നത്.