കൊല്‍ക്കത്ത|
rahul balan|
Last Updated:
ബുധന്‍, 13 ഏപ്രില്‍ 2016 (15:36 IST)
പത്തുവയസുകാരിയുടെ അവസരോചിതമായ ഇടപെടല്‍മൂലം ലഭിച്ചത് സ്വന്തം പിതാവിന്റെ ജീവന്‍. സാമ്പത്തിക പ്രശ്നങ്ങളേത്തുടര്‍ന്ന്
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പിതാവിനെയാണ് റാഷി എന്ന പത്തു വയസുകാരി പൊലീസിന്റെ സഹായത്തോടെ രക്ഷിച്ചത്. പിതാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ റാഷി എമര്‍ജന്‍സി നമ്പറായ 100 ലേക്ക് വിളിച്ച് വിവരം പൊലീസുകാരെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് റാഷിയുടെ പിതാവും വ്യവസായിയുമായ രാജീവ് ഖന്ന (37) യെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
സൗത്ത് സിന്തീ റോഡിലെ സ്വന്തം ഫ്ളാറ്റിലാണ് രാജീവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. 40 ശതമാനം പൊള്ളലേറ്റെങ്കിലും പിതാവിനെ ജീവനോടെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് റാഷി. അതേസമയം, ഇയാള്‍ അപകടനില തരണം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു.
മെട്രോ സ്‌റ്റേഷനില്‍ പൊലീസ് പതിച്ച പരസ്യത്തില്‍ കണ്ടതുകൊണ്ടാണ് നമ്പര്‍ ഓര്‍മ വന്നതെന്ന് റാഷി പറഞ്ഞു. അച്ഛന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയത് കണ്ട് അമ്മ ഭയന്ന് കരയുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്നു വന്നപ്പോഴാണ് 100 ല്‍ വിളിച്ചത്. അടുത്തുള്ള സിന്തീ പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സംഘം പൊലീസുകാര്‍ ഉടന്‍ ഫ്ലാറ്റിലെത്തി ഖന്നയെ രക്ഷിക്കുകയായിരുന്നു.