ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (12:26 IST)
ആശങ്കയുടെ കാര്‍മേഘം പെയ്തൊഴിഞ്ഞു. ബാങ്കോക്കില്‍ നിന്ന് രാഹുല്‍ ഗാന്ധി പറന്നിറങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നേ കാലിന് ബാങ്കോക്കില്‍ നിന്നുള്ള തായ് എയര്‍വേസിലാണ് രാഹുല്‍ ഇന്ത്യയില്‍ എത്തിയത്. 56 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷമാണ് രാഹുല്‍ മടങ്ങിയെത്തിയിരിക്കുന്നത്.
രാവിലെ 10.35ന് എത്തേണ്ടിയിരുന്ന വിമാനം 40 മിനിറ്റ് വൈകിയാണ് എത്തിയത്. അതേസമയം, പതിനൊന്നു മണിക്ക് മുമ്പു തന്നെ രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് റോഡിലെ വസതിയില്‍ അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന സമയത്താണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ട് ആഴ്ചത്തെ അവധിയെടുത്തത്. പിന്നീട്, അവധി നീട്ടി കൊണ്ടു പോകുകയായിരുന്നു. ഏകദേശം, രണ്ടു മാസത്തെ അവധിക്ക് ശേഷമാണ് രാഹുല്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.