മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പ്രശസ്ത ഹിന്ദി സിനിമാ നടന്‍ രാജേഷ് ഖന്ന(69) അന്തരിച്ചു. മുംബൈയിലെ പടിഞ്ഞാറന്‍ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചെറുകുടലിലെ അര്‍ബുദബാധയും അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ വസതിയിലേക്ക് മാറ്റിയത്.
ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു രാജേഷ് ഖന്ന. 1966-ല്‍ പുറത്തിറങ്ങിയ ആഖ് രി ഖത്താണ് ആദ്യ സിനിമ. ഔരത്, ഖാമോശി എന്നീ ചിത്രങ്ങളിലൂടെയാണ് രാജേഷ് ഖന്ന ശ്രദ്ധേയനാകുന്നത്. 163 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1969-1972 കാലയളവില്‍ തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നു. കാക്ക എന്ന വിളിപ്പേരില്‍ ആണ് രാജേഷ് ഖന്ന അറിയപ്പെട്ടിരുന്നത്. റോമാന്റിക് നായകന്‍ എന്ന പരിവേഷത്തിലൂടെ സ്ത്രീ ആരാധകരുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു അദ്ദേഹം. കിഷോര്‍ കുമാറിന്റെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം പാടി അഭിനയിച്ചു.
1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറില്‍ ആയിരുന്നു രാജേഷ് ഖന്ന ജനിച്ചത്. അഭിനയത്തിന് പുറമെ രാഷ്ട്രീയക്കാരന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. 1990കളില്‍ ആണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. 1991 മുതല്‍ 1996 വരെ ന്യൂഡല്‍ഹിയില്‍ നിന്ന് ലോക്സഭാംഗമായി. 2008-ല്‍ അദ്ദേഹത്തിന് ദാദ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. ഔരത്ത്, ആരാധന, ബന്ധന്‍, ശ്രീമാന്‍ജി, ദ് ട്രെയിന്‍, സഫര്‍, ഹാത്തി മേരേ സാത്തി, ഗുഡ്ഡി, മെഹബൂബ് കി മെഹന്ദി, ദോ രാസ്തേ, ഖാമോഷി, ആനന്ദ്, ദുശ്മന്‍, അമര്‍ പ്രേം, അപ്നാ ദേശ്, ദില്‍ ദൌലത്ത് ദുനിയാ, പ്രേം കഹാനി, മഹാ ചോര്‍, മെഹ്ബൂബ, ത്യാഗ്, കാം, ഭോല ബാല, നൌക്രി, പ്രേം ബന്ധന്‍, ദര്‍ദ് തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച് ചിത്രങ്ങള്‍.
പ്രമുഖ നടി ഡിംപിള്‍ കപാഡിയയെ 1973-ല്‍ വിവാഹം ചെയ്തെങ്കിലും 1984-ല്‍ ഇവര്‍ വഴിപിരിഞ്ഞു. ബോളിവുഡിലെ പ്രമുഖ നടിയും നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്.