രാജിയില്ല, പാര്‍ട്ടി അന്വേഷിക്കട്ടെന്ന് യദ്യൂരപ്പ

ബാംഗ്ലൂര്‍| WEBDUNIA|
PTI
ആരോപണങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് ആവര്‍ത്തിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതി രൂപികരിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും യദ്യൂരപ്പ തിങ്കളാഴ്ച വിളിച്ചുകൂട്ടിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ ബിജെപി അധ്യക്ഷന്‍ വെങ്കയ്യ നായിഡു, എച്ച് എന്‍ അനന്ത് കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരടങ്ങുന്ന സമിതി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് യദ്യൂരപ്പ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് ആഴ്ചകളായിട്ടാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

അനധികൃത ഖനനത്തെ കുറിച്ചുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം അതെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഗൂഡാലോചന തുറന്നുകാട്ടാന്‍ ഓഗസ്റ്റില്‍ സംസ്ഥാനത്തെ 20 ജില്ലകളില്‍ വന്‍‌ റാലികള്‍ സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ 10 ജില്ലകളിലായിരിക്കും റാലി നടത്തുക. ഓഗസ്റ്റ് ആദ്യവാരം തന്നെ വിശദീകരണ റാലി ആരംഭിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

എസ് എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സംസ്ഥാനത്ത് അനധികൃത ഖനനം നടക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും യദ്യൂരപ്പ വ്യക്തമാക്കി.

സന്തോഷ് ഹെഗ്ഡെയുടെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണത്തെ കുറിച്ച് അറിയില്ല എന്നാണ് യദ്യൂരപ്പ വിദേശപര്യടനം കഴിഞ്ഞു വന്ന ഉടന്‍ പ്രതികരിച്ചത്. ഇതെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യദ്യൂരപ്പ പറഞ്ഞിട്ടുണ്ട്. അതേസമയം, ലോകായുക്ത റിപ്പോര്‍ട്ട് വന്ന ശേഷം യദ്യൂരപ്പയുടെ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :