രാജയെ കൈവിടില്ലെന്ന് ഡി‌എം‌കെ

ചെന്നൈ| WEBDUNIA|
PRO
ചെന്നൈയില്‍ ചേര്‍ന്ന ഡി‌‌എംകെ ജനറല്‍ കൌണ്‍സില്‍ യോഗം 2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ എ രാജയ്ക്ക് പൂര്‍ണ നല്‍കിക്കൊണ്ട് പ്രമേയം പാസാക്കി. പ്രചാരണ വിഭാഗം സെക്രട്ടറി സ്ഥാനം രാജി വച്ചുകൊണ്ടുള്ള രാജയുടെ കത്ത് സ്വീകരിക്കേണ്ടതില്ല എന്നും പാര്‍ട്ടി യോഗം തീരുമാനിച്ചു.

രാജയെ സിബിഐ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം രാജ കുറ്റക്കാരനാവില്ല. കുറ്റക്കാരനാണെന്ന് കോടതിയാണ് പറയേണ്ടത്. രാജയ്ക്ക് എതിരായ നീക്കങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും പാര്‍ട്ടി പ്രമേയത്തില്‍ പറയുന്നു.

2ജി ഇടപാടില്‍ രാജ കുറ്റക്കാരനല്ല എന്ന മുന്‍‌നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും പാര്‍ട്ടി വ്യക്തമാക്കി. 2ജി ഇടപാടില്‍ പാര്‍ട്ടി തുറന്ന പുസ്തകമാണ്. ബിജെപിയുടെ ഭരണകാലത്തും സി‌എജി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. അന്ന് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. രാജ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്പെക്ട്രം വിതരണം നടത്തിയതെന്നും പാര്‍ട്ടി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജയെ പുറത്താക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഡി‌എം‌കെ രാജയെ കൈവിടേണ്ട എന്ന് തീരുമാനിക്കാന്‍ കാരണമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :