കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വിശ്വസ്തരെ ബി ജെ പി കേന്ദ്രനേതൃത്വം അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഡി വി സദാനന്ദ ഗൌഡ എം പി, ബിജെപി സംസ്ഥാന ട്രഷറര്‍ ലെഹര്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചത്.
കര്‍ണാടകയിലെ അനധികൃതഖനനത്തെ കുറിച്ച് അന്വേഷിച്ച ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്‌ഡെ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബി ജെ പി നേതൃത്വത്തിന്റെ നടപടി. റിപ്പോര്‍ട്ടില്‍ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം യദ്യൂരപ്പയോട് രാജി ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, തന്നോടു രാജിവയ്ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായ വാര്‍ത്തകള്‍ യെഡിയൂരപ്പ നിഷേധിച്ചു. നിയമസഭയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പ ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് പോകുന്നുണ്ട്.