കര്‍ണാടക ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധിക്ക് അയവ്. പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പിന്‍മാറി. രാജി ഉടന്‍ ഇല്ലെന്ന് യദ്യൂരപ്പ വ്യക്തമാക്കി. മുഖ്യമന്ത്രി സദാനന്ദ ഗൌഡയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ചത്.
രാജിവയ്ക്കാന്‍ താന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. 70 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് യദ്യൂരപ്പ അവകാശപ്പെട്ടു. ഇതില്‍ 40 എം എല്‍ എമാരുടെ രാജിക്കത്ത് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സദാനന്ദ ഗൗഡയുമായി ഏറ്റുമുട്ടലിന് ഇറങ്ങിയ യദ്യൂരപ്പ പാര്‍ട്ടിയുടെ നിയമസഭാ സമിതി വിളിച്ചുചേര്‍ക്കാത്തതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്ലി യദ്യൂരപ്പയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ജെയ്റ്റ്ലി അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നായിരുന്നു യദ്യൂരപ്പയുടെ വാര്‍ത്താസമ്മേളനം.
ബി ജെ പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പ്രശംസിച്ചും യദ്യൂരപ്പ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ നയിക്കുന്നതില്‍ ബി ജെ പി നേതൃത്വം സോണിയയെ മാതൃകയാക്കണമെന്നാണ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടത്. നേതാക്കളും പ്രവര്‍ത്തകരും പ്രതിസന്ധിയിലാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് സോണിയ മുന്നിട്ടിറങ്ങും. അവരെ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ബി ജെ പി കുറ്റപ്പെടുത്താനും ക്രൂശിക്കാനുമാണ് ശ്രമിക്കുന്നത്. താന്‍ തന്നെയാണ് അതിന്റെ ഉദാഹരണം എന്നും യദ്യൂരപ്പ അഭിപ്രായപ്പെട്ടിരുന്നു