ന്യൂഡൽഹി|
സജിത്ത്|
Last Modified വെള്ളി, 26 മെയ് 2017 (07:50 IST)
നരേന്ദ്ര മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. ഇനിയുള്ള ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനം നടപ്പാക്കാനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇനിയുള്ള അടുത്ത രണ്ടുവര്‍ഷം സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് അതിലേക്കായിരിക്കും. മോദി സര്‍ക്കാരിന്റെ മൂന്നാം വാർഷികം മേയ് 26ന് ആഘോഷിക്കുമ്പോൾ മുന്നേറ്റങ്ങളാണ് ഏറെയുമെങ്കിലും തിരിച്ചടികള്‍ക്കും വിമർശനങ്ങള്‍ക്കും ഒട്ടും കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തൊഴില്‍ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണം, പുതിയനയങ്ങളുടെ രൂപവത്കരണം, നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതികള്‍ നടപ്പാക്കല്‍ മുതലായവയിലൂടെ കൂടുതല്‍ തൊഴിലുണ്ടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് നിരോധിച്ചതിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വരുന്ന രണ്ട് വര്‍ഷങ്ങളില്‍ ചില ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.