മോഡിയെ എതിര്‍ത്ത ഡിഐജിക്ക് കുറ്റപത്രം

അഹമ്മദാബാദ്| WEBDUNIA|
PRO
ഗുജറാത്തില്‍ മോഡിയെ എതിര്‍ക്കുന്ന ഐപി‌എസ് ഓഫീസര്‍മാരും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ഗുജറാത്ത് കലാപ കേസില്‍ മോഡിക്കെതിരായ നിലപാട് സ്വീകരിച്ചു എന്ന ആരോപണം നേരിടുന്ന ഡിഐജി രാഹുല്‍ ശര്‍മ്മയ്ക്ക് ശനിയാഴ്ച കുറ്റപത്രം നല്‍കി.

ജസ്റ്റിസ് നാനാവതി കമ്മീഷന് സര്‍ക്കാരിന്റെ അനുവാദമില്ലാതെ കോള്‍ രേഖകള്‍ അടങ്ങുന്ന സിഡികള്‍ കൈമാറിയതാണ് ശര്‍മ്മയ്ക്ക് എതിരെയുള്ള കുറ്റം. ശര്‍മ്മയും കഴിഞ്ഞ ദിവസം സസ്പെന്‍ഷന് വിധേയനായ സഞ്ജീവ് ഭട്ടും സര്‍ക്കാര്‍ കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് മോഡി സര്‍ക്കാരിന്റെ നിലപാട്.

പൊലീസ് ഓഫീസര്‍മാര്‍ നേരിടുന്ന പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍, ആരോപണ വിധേയരായ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, മോഡിക്കെതിരേ പരോക്ഷ ആരോപണവുമായി രജനീഷ് റായി എന്ന ഡിഐജി കൂടി രംഗത്ത് എത്തിയിട്ടുണ്ട്. തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ വധക്കേസിന്‍റെ ആസൂത്രണം മോഡിയുടെ വിശ്വസ്തനും മുന്‍ ഡിജിപിയുമായ പി സി പാണ്ഡെയാണെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനു സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :