ഒബാമയുടെ സാമ്പത്തിക പദ്ധതികള്‍ അപര്യാപ്തം

വാഷിംഗ്ടണ്‍| WEBDUNIA|
ഒബാമ ഭരണകൂടം പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാ പാക്കേജ് നിലവിലെ മാന്ദ്യം പരിഹരിക്കാന്‍ അപര്യാപ്തമാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു. പാക്കേജ് നിരുത്തരവാദപരവും നികുതിവര്‍ദ്ധനവിന് കാരണമാവുന്നതുമാണെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു.

യു എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് ഒബാമ സംസാരിച്ചതിന് മുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. നികുതി കുറയ്ക്കുന്നതുപോലുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയില്ലെന്ന് അവര്‍ ആരോപിച്ചു. ഒബാമയേക്കാള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെയാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ കൂടുതലായും ഉന്നം വച്ചത്. അതേ സമയം സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേ സമയം, അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്‌തു സംസാരിക്കവെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ അമേരിക്ക അതിജീവിക്കുമെന്ന്‌ ഒബാമ പറഞ്ഞു. രാജ്യത്തിന്‍റെ ആത്മവിശ്വാസം ഉലയുകയും സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതി ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെലവുകള്‍ ചുരുക്കണമെന്നും ഒബാമ നിര്‍ദ്ദേശിച്ചു. ബാങ്കുകളെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്നും കുറഞ്ഞ പലിശയില്‍ കൂടുതല്‍ വായ്‌പകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ഒബാമ പറഞ്ഞു.

ഊര്‍ജരംഗത്ത് ചൈനയെ മാതൃകയാക്കി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തികം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കും. പ്രതിരോധത്തിനുള്ള വിഹിതം കുറയ്ക്കും. 2,50,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്‌ നികുതിയിളവ്‌ നല്‍കും. പുതിയ പാക്കേജ് രാജ്യത്ത് 3.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഒബാമ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :