സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാത്ത, ഒരു സിം കാര്‍ഡിന് പോലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഒരു സ്ത്രീയുടെ പേരില്‍ 117 മൊബൈല്‍ കണക്ഷനുകള്‍!
117 മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന സ്ത്രീയെ തേടിയാണ് ഡല്‍ഹി പൊലീസ് ടര്‍ക്മാന്‍ ഗേറ്റിലെ ഒരു കൊച്ചുവീട്ടില്‍ എത്തിയത്. എന്നാല്‍, തന്റെ പേരില്‍ ഇത്രയും ആളുകള്‍ മുതലെടുപ്പ് നടത്തുന്ന വിവരം പടിവാതില്‍ക്കല്‍ പൊലീസ് എത്തുന്നത് വരെ ഇവര്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം!
ഡല്‍ഹി സ്വദേശിനിയായ മുപ്പത്തിനാലുകാരിയാണ് ഇത്തരത്തില്‍ കബിളിപ്പിക്കപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗക്കാരിയാണ് ഇവര്‍. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചതിനാല്‍ സഹോദരനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.
ഇവര്‍ എപ്പോഴെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പി എടുത്തിരിക്കാമെന്നും, അത് ആരെങ്കിലും കൈവശപ്പെടുത്തിയതായിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പെടുത്ത സിംകാര്‍ഡുകള്‍ വരെ ഇവരുടെ പേരില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ഒരു സര്‍വെയുടെ ഭാഗമായി മേല്‍വിലാസങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ അമ്പരിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
ഇവരുടെ അയല്‍ക്കാരായ നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.
സിംകാര്‍ഡുകളുടെ വ്യാജ മേല്‍വിലാസങ്ങള്‍ പൊലീസിന് സ്ഥിരം തലവേദനയായി മാറുകയാണിപ്പോള്‍. മൊബൈല്‍ കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിയായി മൊബൈല്‍ കമ്പനികള്‍ തന്നെ ഇത്തരം വ്യാജ മേല്‍വിലാസങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.