മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ല അന്തരിച്ചു

റായ്പൂര്‍| WEBDUNIA|
PTI
PTI
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിദ്യാ ചരണ്‍ ശുക്ല(84) അന്തരിച്ചു. മെയില്‍ ഛത്തീസ്ഗഢില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

മെയ് 25 നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ ആണ് വി സി ശുക്ലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മൂന്ന് ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയിരുന്നു. രക്തംവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുള്ളറ്റുകള്‍ റായ്പുരിലെ ആശുപത്രിയില്‍ വച്ച് നീക്കം ചെയ്തശേഷമാണ് അദ്ദേഹത്തെ വിമാനമാര്‍ഗം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ എത്തിച്ചത്. അണുബാധമൂലമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. ശുക്ലയുടെ അന്ത്യത്തോടെ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി.

ഒമ്പത് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി സി ശുക്ല പല ഘട്ടങ്ങളിലായി ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാര്‍ത്താവിതരണം, ജലവിഭവം, സിവില്‍ സപ്ലൈസ് തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ എല്ലാം തന്നെ വഹിച്ചിട്ടുണ്ട്. 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഢില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മഹേന്ദ്ര കര്‍മ, പിസിസി പ്രസിഡന്റ് നന്ദകുമാര്‍ പട്ടേല്‍, മകന്‍ ദിനേശ് എന്നിവരെ അവര്‍ വെടിവച്ചുകൊലപ്പെടുത്തി.

സംഭവത്തേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :