ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ എന്‍എസ്ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ലമെന്‍റിന്റെ ഇരു സഭകളിലും ബഹളം. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും തല്‍ക്കാലത്തേക്ക് പിരിഞ്ഞു.
ലോക്സഭ സമ്മേളിച്ച ഉടന്‍ തന്നെ ബിഎസ്പി അംഗങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭയുടെ നടുത്തളത്തിലിറങ്ങി. ഇത്തരം നടപടികള്‍ നേതാക്കളെ കൊല്ലാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പാര്‍ട്ടി അംഗങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
സ്പീക്കര്‍ മീരാ കുമാര്‍ ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചു എങ്കിലും ബഹളം ശമിക്കാത്തതിനെ തുടര്‍ന്ന് സമ്മേളനം 11.30 വരെ നിര്‍ത്തിവച്ചു.
ബിഎസ്പി നേതാവായ സതീഷ് ചന്ദ്ര മിശ്രയാണ് രാജ്യസഭയില്‍ പ്രശ്നം ഉന്നയിച്ചത്. ദേശീയ പാര്‍ട്ടിയുടെ നേതാവിന്റെ ജീവന് സുരക്ഷ ലഭിക്കുന്നില്ല എന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. ഇതിനെ സമാജ്‌വാദി പാര്‍ട്ടി നേതാവായ രാം ഗോപാല്‍ യാദവും പിന്തുണച്ചതോടെ സഭയില്‍ ബഹളമായി.
ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയം പതിവു രീതിയിലുള്ള പുന:പരിശോധന മാത്രമാണ് നടത്തിയത് എന്നും ചവാന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍, ബഹളം അവസാനിക്കാത്തതിനെ തുടര്‍ന്ന് സഭ ഉച്ച വരെ പിരിയുകയാണെന്ന് അധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞു.