മസ്രത്ത് ആലം പാക് പതാകയേന്തിയത്; നടപടി സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യുഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (13:15 IST)
കഴിഞ്ഞയിടെ ജയില്‍മോചിതനായ വിഘടനവാദി നേതാവ് മസ്രത്ത് ആലം ഇന്ത്യാവിരുദ്ധ റാലിയില്‍ പങ്കെടുത്ത് പാക് പതാകയേന്തിയത് കേന്ദ്ര സര്‍ക്കാരിനെയും ജമ്മു കശ്‌മീര്‍ സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കി. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്‌മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, പാക് പതാകയേന്തി ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളികളുമായി മസ്രത്ത് ആലം റാലിയില്‍ പങ്കെടുത്തത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കശ്‍മീര്‍ മുഖ്യമന്ത്രി മുഫ്‍തി മുഹമ്മദുമായി രാജ്‌നാഥ് സിംഗ് ടെലഫോണില്‍ സംസാരിച്ചു. സംഭവത്തില്‍ എത്രയും വേഗം കടുത്ത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

ദേശീയസുരക്ഷയില്‍ രാഷ്‌ട്രീയമില്ലെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ് ചെറിയൊരു വിട്ടുവീഴ്‍ചയ്ക്കു പോലും രാജ്യം തയ്യാറാകില്ലെന്നും പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്തിയ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലി ഷാ ഗിലാനിയെ സ്വീകരിക്കാന്‍ ഒരുക്കിയ റാലിയിലാണ് മസ്രത് ആലം പാക് പതാകയേന്തി ഇന്ത്യാവിരുദ്ധ റാലി നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :