മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവള്‍ ആക്കിയത് മാധ്യമങ്ങള്‍ എന്ന് പഠനം

ലണ്ടന്‍| WEBDUNIA|
PTI
PTI
സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ നോബല്‍ പുരസ്കാരം നേടുകയും മരണശേഷം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്ത മദര്‍ തെരേസയെ വിമര്‍ശിച്ച് പഠനം. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കിയത് അവരുടെ സേവനങ്ങള്‍ അല്ലെന്നും മറിച്ച് മാധ്യമങ്ങള്‍ ആണെന്നുമാണ് കനേഡിയന്‍ ഗവേഷകരുടെ പഠനം പറയുന്നത്. വിവാദമായേക്കാവുന്ന ഈ പഠനം റിലീജിയൂസസ് എന്ന ജേര്‍ണലില്‍ മാര്‍ച്ച് അവസാനം പ്രസിദ്ധീകരിക്കും.

മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് മാധ്യമങ്ങളാണ്. മദര്‍ തെരേസയുടെ ഉദാരമനസ്കത പ്രാര്‍ത്ഥനയില്‍ മാത്രമായിരുന്നു. പാവങ്ങള്‍ കഷ്ടപ്പെടുന്ന മനോഹരമായ കാഴ്ചയായാണ് അവര്‍ക്ക് തോന്നിയത് എന്ന് വരെ പഠനം പറയുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വത്തിക്കാന്‍ ശരിയായ രീതിയില്‍ അല്ല നോക്കിക്കണ്ടതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

മദര്‍ തെരേസ പാവങ്ങളെ സേവിച്ച രീതി, അവരുടെ ചോദ്യം ചെയ്യപ്പെടാവുന്ന രാഷ്ട്രീയ ബന്ധങ്ങള്‍, കൂടാതെ അബോര്‍ഷന്‍, ഗര്‍ഭനിരോധനം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ മദര്‍ തെരേസ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എന്നിവ ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ വത്തിക്കാന്‍ പരാജയപ്പെട്ടു എന്നും ഗവേഷകര്‍ പറയുന്നു.

അഗതികളുടെ അമ്മ എന്ന് വിളിപ്പേരുള്ള മദര്‍ തെരേസ അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യയില്‍ കര്‍മ്മകാണ്ഡം കഴിച്ച്, വാഴ്ത്തപ്പെട്ടവളായി മാറിയ സന്യാസിനിയാണ്. 1997 സെപ്റ്റംബര്‍ അഞ്ചിന് എണ്‍പത്തിയേഴാം വയസിലാണ് അവര്‍ അന്തരിച്ചത്. ജനനം 1910 ഓഗസ്റ്റ് 27ന്. ഇന്ത്യ ഇവരെ ഭാരതരത്നം നല്‍കി ആദരിച്ചു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച അവര്‍ക്ക് 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :