മദനി കേരളത്തിലേക്ക് പോകരുത്, കര്‍ണാടകം സുരക്ഷ നല്‍കണം

ബാംഗ്ലൂര്‍| Last Updated: വെള്ളി, 11 ജൂലൈ 2014 (15:12 IST)
പി ഡി പി നേതാവ് അബ്‌ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മദനി കേരളത്തിലേക്ക് പോകരുതെന്നും ബാംഗ്ലൂരില്‍ തന്നെ തങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കര്‍ണാടക സര്‍ക്കാര്‍ മദനിക്ക് സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നാല് ഉപാധികളോടെയാണ് മദനിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. മദനി കേരളത്തിലേക്ക് പോകരുത്, മദനിയെ നിരീക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും, മദനിക്ക് കര്‍ണാടകം സുരക്ഷ നല്‍കണം, ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതികളുമായും സാക്ഷികളുമായും ബന്ധപ്പെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

മദനിക്ക് ജാമ്യം നല്‍കുന്നതിനെ ശക്തമായി കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മദനിക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ലെന്നും ജാമ്യം നേടാനായി അദ്ദേഹം കള്ളം പറയുകയാണെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇതിനെയെല്ലാം മദനി കോടതിയില്‍ എതിര്‍ത്തിരുന്നു.

കഴിഞ്ഞ നാലുവര്‍ഷമായിട്ടും തനിക്ക് ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സുപ്രീം‌കോടതി ഉത്തരവുണ്ടായിട്ടും ചികിത്സ നടത്തിയിട്ടില്ല. ഇത് സുപ്രീം‌കോടതി ഉത്തരവിനെ ലംഘിക്കലാണ്. ചികിത്സ ലഭിക്കാതെ തുടരുന്നത് തന്‍റെ ജീവന്‍ അപകടത്തിലാക്കുമെന്നും മദനി കോടതിയെ ബോധ്യപ്പെടുത്തിരുന്നു.

കര്‍ണാടക സര്‍ക്കാരിന്‍റെ സത്യവാങ്മൂലം അനുസരിച്ച് അബ്ദുള്‍ നാസര്‍ മദനിക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ചികിത്സയ്ക്കായി 16 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. മദനിയെ ജയില്‍ മോചിതനാക്കിയാല്‍ ബാംഗ്ലൂര്‍ സ്ഫോടനക്കേസ് അട്ടിമറിക്കപ്പെടുമെന്നും അവര്‍ വാദിച്ചു. മദനി പ്രതികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കും. 2008ല്‍ വളരെ ബുദ്ധിമുട്ടിയാണ് മദനിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് മദനി. മദനിയെ കേരളത്തിലേക്കയച്ചാല്‍ വീണ്ടും അറസ്റ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മദനി ഒളിവില്‍ പോകാനും സാധ്യതയുണ്ട് - കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ വിചാരണ അനിശ്ചിതമായി നീളുന്നതും മദനിയുടെ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നുമാസത്തെ സമയമാണ് മദനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരുമാസം ബാംഗ്ലൂരില്‍ തങ്ങി സ്വന്തം ചെലവില്‍ ചികിത്സ നടത്താനാണ് സുപ്രീം കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :