ഭോപ്പാല്‍: നഷ്ടപരിഹാരം ഉയര്‍ത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 25 ജൂണ്‍ 2010 (11:36 IST)
വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 1,265.56 കോടി രൂപയുടെ സഹായം നല്‍കാന്‍ തീരുമാനിച്ചു. പി ചിദംബരം അധ്യക്ഷനായുള്ള മന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നഷ്ടപരിഹാര തുക ഉയര്‍ത്തിയിരിക്കുന്നത്.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും സ്ഥിരമായ വൈകല്യമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂ‍പ വീതവും ഗുരുതരമല്ലാത്ത പരുക്കുകള്‍ പറ്റിയവര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക.

ദുരന്തത്തില്‍ കനത്ത നഷ്ടമുണ്ടായ 45,000 പേര്‍ക്ക് സഹായം ആശ്വാസമാവും. എന്നാല്‍, നേരത്തെ സഹായം കൈപ്പറ്റിയവര്‍ക്ക് ആ തുക കിഴിച്ചാവും പുതുക്കിയ സഹായം നല്‍കുക എന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അംബികാസോണി പറഞ്ഞു.

ഭോപ്പാല്‍ കോടതി കുറ്റക്കാരനെന്ന് കണ്ട യൂണിയന്‍ കാര്‍ബൈഡ് കമ്പനി സി‌ഇ‌ഒ വാറന്‍ ആന്‍ഡേഴ്സനെ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്ത കേസിലെ പ്രതികളുടെ കുറ്റം ഇളവ് ചെയ്തതിനെതിരെയും നടപടികള്‍ സ്വീകരിക്കും. ഭോപ്പാല്‍ ദുരന്തത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം 470 ദശലക്ഷം ഡോളറായി നിജപ്പെടുത്തിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു.

ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രി ഏറ്റെടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാനും അടുത്ത 90 ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ മുപ്പത്തിയൊന്നാമത് ആശുപത്രി ഭോപ്പാലില്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :