ഭീകരര്‍ക്ക് പാക് ബന്ധമുള്ളതായി സൂചന, സുരക്ഷാപാളിച്ചയുണ്ടായിട്ടില്ല: പ്രതിരോധമന്ത്രി

പത്താന്‍കോട്ട്| Last Modified ചൊവ്വ, 5 ജനുവരി 2016 (16:49 IST)
പത്താന്‍‌കോട്ട് വ്യോമസേനാ താവളം ഭീകരര്‍ ആക്രമിച്ച സംഭവത്തില്‍ സുരക്ഷാപാളിച്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഭീകരര്‍ക്ക് പാകിസ്ഥാനുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പത്താന്‍‌കോട്ട് ആക്രമണം നടത്തിയ ആറുഭീകരരെയും വധിച്ചതായും എങ്കിലും തിരച്ചില്‍ നടപടികള്‍ തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.

പത്താന്‍‌കോട്ട് ആക്രമണത്തേക്കുറിച്ച് എന്‍ ഐ എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീകരര്‍ക്ക് പാക് ബന്ധമുള്ളതായാണ് സൂചന. അന്വേഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ പറയാന്‍ കഴിയൂ - പ്രതിരോധമന്ത്രി പറഞ്ഞു.

പത്താന്‍‌കോട്ട് വ്യോമസേനാ താവളത്തിലെ ആയുധങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊന്നും കേടുപാടുകള്‍ സംഭവിച്ചില്ല. രണ്ടുകെട്ടിടങ്ങളിലായാണ് ഭീകരര്‍ ഒളിച്ചിരുന്നത്. അവിടെ മാത്രമാണ് ചെറിയ തോതില്‍ നാശനഷ്ടമുണ്ടായത്. ഇവിടത്തെ വാഹനങ്ങള്‍ മറയാക്കിയായിരുന്നു ഭീകരരുടെ ആക്രമണം - മനോഹര്‍ പരീക്കര്‍ പറഞ്ഞു.

പത്താന്‍‌കോട്ട് സൈനിക നടപടി ഏറേ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഏറെ വ്യാപ്തിയുള്ള ഈ പ്രദേശത്ത് അനവധി സൈനിക കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ സൈന്യത്തിന് പ്രവര്‍ത്തിക്കാനാകുമായിരുന്നുള്ളൂ. അത്യാധുനിക തോക്കുകളും ഷെല്ലുകളും സ്ഫോടക വസ്തുക്കളും ഭീകരരുടെ പക്കലുണ്ടായിരുന്നു. ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു - മനോഹര്‍ പരീക്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :