ബോധ്ഗയ സ്ഫോടനം: ഇന്ത്യന്‍ മുജാഹീദിന്റെ ട്വിറ്റര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നെന്ന് സൂചന
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 11 ജൂലൈ 2013 (18:23 IST)
PTI
ബോധ്ഗയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്റെ പേരില്‍ അയച്ച ട്വിറ്റര്‍ സന്ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നെന്ന് സൂചന. സന്ദേശത്തിന്റെ ഉറവിടം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം അമേരിക്കന്‍ കമ്പനിയുടെ സഹായം തേടി.
ട്വിറ്റര്‍ അയച്ചത് കാനഡയില്‍ നിന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോധഗയയില്‍ ഒന്‍പതു ബോംബുകളാണ് പൊട്ടിത്തെറിച്ചത്. മൂന്നു ബോംബുകള്‍ പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.
സ്ഫോടന പരമ്പരയുടെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. അന്വേഷണ ചുമതല എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. സുശീല്‍ കുമാര്‍ ഷിന്‍ഡെയും സോണിയാ ഗാന്ധിയും കഴിഞ്ഞ ദിവസം ബോധ്ഗയ സന്ദര്‍ശിച്ചിരുന്നു.
ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിരുന്നു. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്‍ഐഎ കേസ് അന്വേഷിച്ച് വരികയാണ്.