കമ്പനിയില്‍ നിര്‍ണായകമായ പോസ്റ്റുകളില്‍ ജോലിനോക്കുന്ന അഞ്ഞൂറോളം പേരെ കമ്പനിക്കൊപ്പം നിര്‍ത്താന്‍ പാറ്റ്നി കമ്പ്യൂട്ടര്‍ സിസ്റ്റംസ് നല്‍കാന്‍ പോകുന്നത് വന്‍ വാഗ്ദാനം. കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോകാതിരുന്നാല്‍ ബോണസായി ആറുമാസ ശമ്പളം എന്നാണ് പാറ്റ്നി കമ്പ്യൂട്ടേഴ്സ് പ്രഖ്യാപിക്കാന്‍ പോകുന്നത്. നാസ്‌ഡാക്ക് ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഐഗേറ്റ് എന്ന കമ്പനി പാറ്റ്നിയിലെ ഏറ്റെടുത്തതിനു ശേഷമാണ് പുതിയ ‘ഓഫര്‍’ പ്രഖ്യാപിക്കപ്പെട്ടത്. പാറ്റ്നി കമ്പ്യൂട്ടര്‍ സിസ്റ്റംസിലെ മുന്നൂറും ഐഗേറ്റിലെ ഇരുന്നൂറും പേരെയാണ് എന്തു വില കൊടുത്തും നിലനിര്‍ത്താന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ‘റീട്ടെന്‍ഷന്‍ ബോണസ്’ എന്നാണ് ഈ സ്കീമിന് കമ്പനി പേരിട്ടിരിക്കുന്നത്.
വരുന്ന മാര്‍ച്ചോടെ ബൊണസ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത് 700 ദശലക്ഷം ഡോളര്‍ കടമെടുത്തും സ്വകാര്യ ഓഹരി നിക്ഷേപക സംഘമായ അപാക്സില്‍ ഓഹരി ഇറക്കിയും പാറ്റ്നിയെ ഏറ്റെടുത്തതിനു ശേഷം ഐഗേറ്റ് നേരിടുന്ന വെല്ലുവിളി കമ്പനിയുടെ വിദഗ്ധ തൊഴില്‍പ്പടയെ നിലനിര്‍ത്തുക എന്നതാണ്. ജനറല്‍ ഇലക്ടോണിക്സ്, ബ്രിട്ടീഷ് കമ്പനിയായ ബുപ എന്നീ ബഹുരാഷ്ട്രക്കമ്പനികളുടെ വന്‍ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്തു വരുന്ന ജീവനക്കാര്‍ പിരിഞ്ഞുപോകാനിടയായാല്‍ അത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു പിന്നില്‍.
പാറ്റ്നിയെ ഐഗേറ്റ് ഏറ്റെടുത്തത് ജീവനക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നാണറിയുന്നത്. പാറ്റ്നിയുടെ ഉപഭോക്താക്കളെ പിടിച്ചെടുക്കനുള്ള നല്ല അവസരമായി മറ്റു കമ്പനികള്‍ നിലവിലെ അവസ്ഥയെ തിരിച്ചറിയുന്നുണ്ട്. മാന്ദ്യം വിട്ടുണര്‍ന്നിരിക്കുന്ന ഐടി വിപണിയിലേക്ക് ജീവനക്കാരെ പോകാന്‍ അനുവദിച്ചാല്‍ മറ്റുള്ളവര്‍ക്കു മുതലെടുക്കാന്‍ കഴിയുമെന്ന് പാറ്റ്നിയും ഐഗേറ്റും മനസിലാക്കിയിട്ടുണ്ട്.
ആഗോള സമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കേണ്ടി വന്ന അവസ്ഥയില്‍ നിന്ന് വിപണി മുന്നേറുന്നതിന്റെ സൂചകമായാണ് പുതിയ വികാസങ്ങളെ സാമ്പത്തിക വിദഗ്ധര്‍ നോക്കിക്കാണുന്നത്. നിര്‍ണായക പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആറുമാസ ശമ്പളമാണ് ബോണസായി ലഭിക്കുന്നത് എങ്കില്‍ ‘ടോപ്പ് മാനേജ്‌മെന്റ്’ എക്സിക്യൂട്ടീവുകള്‍ക്ക് ‘സ്റ്റോക്ക് ഓപ്ഷന്‍’ നല്‍കാനാണ് പാറ്റ്നിയും ഐഗേറ്റും ആലോചിക്കുന്നത്.
2001-ല്‍ രാജ്യത്തെ മുതിര്‍ന്ന മൂന്ന് സോഫ്റ്റ്വെയര്‍ കമ്പനികള്‍ മാത്രം ഒരു ലക്ഷത്തിലധികം തൊഴിലാളികളെ ജോലിക്കെടുക്കുമെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് വെറും 20,000 ആയിരുന്നു. വിപ്രോ, ഇന്‍ഫൊസിസ് എന്നീ കമ്പനികളും ശമ്പള വര്‍ധന നടപ്പാക്കുമെന്നു കേള്‍ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരായ ടിസിഎസ് പുതിയ വര്‍ഷം കമ്പനിയില്‍ ‘പ്രൊമോഷന്‍’ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്.