ബിഹാറില്‍ കൊടുങ്കാറ്റ്: 44 പേര്‍ കൊല്ലപ്പെട്ടു

പാട്‌ന| JOYS JOY| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (08:42 IST)
കഴിഞ്ഞദിവസം ബിഹാറില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. നൂറിലേറെ പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം കാറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ബിഹാറിലെ വടക്കു കിഴക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടം ഉണ്ടായിട്ടുള്ളത്. പാട്‌നയില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്കുള്ള പുര്‍നിയ ജില്ലയില്‍ മണിക്കൂടില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ഇവിടെ മാത്രം 32 പേരാണ് മരിച്ചത്. കാലാവസ്ഥ മുന്നറിയിപ്പൊന്നും ലഭിക്കാതിരുന്നതും മരണനിരക്ക് കൂട്ടി. മരണങ്ങളിലേറെയും സംഭവിച്ചത് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു വീണാണ്.

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭവം നടന്നയുടന്‍ തന്നെ ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ തരത്തിലുള്ള സഹായവും പ്രധാനമന്ത്രി ഉറപ്പു നല്കിയിട്ടുണ്ട്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്​ കുമാര്‍ നാല്​ ലക്ഷം രൂപ പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക്‌ 4300രൂപയും നല്‍കും. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്‌ടങ്ങള്‍ കണക്കാക്കി പിന്നീട് നഷ്‌ടപരിഹാരം നല്കുന്നത് ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :