ബിജെപിയുടെ സിറ്റിംഗ് എംപി ചന്തുലാല്‍ സാഹുവിന്‍റെ സീറ്റിളക്കാന്‍ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത് അതേ പേരിലുള്ള പത്ത് അപരന്മാരാണ്. എല്ലാം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അജിത് ജോഗിയുമായാണ് മഹാസമുന്തില്‍ മത്സരം. അപരന്മാരെ ഇറക്കി ആശയക്കുഴപ്പമുണ്ടാക്കുന്നതിന് പിന്നില്‍ അജിത് ജോഗിയാണെന്നാണ് ബിജെപിയുടെ പരാതി.
ഏതായാലും യാഥാര്‍ത്ഥ ചന്തുലാല്‍ ഒഴികെയുള്ള മറ്റു ചതിയന്‍ ചന്തുമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഒരേ ദിവസമാണ് ഇത്രയും ചന്തുലാല്‍ സാഹമാര്‍ പത്രിക സമര്‍പ്പിച്ചത്. മത്സരിക്കാന്‍ കെട്ടിവെച്ച നോട്ടുകളുടെ നമ്പറുകള്‍ ഒരേ സീരീസിലുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 36 ശതമാനവും സാഹു വിഭാഗത്തില്‍ പെട്ടവരാണ്. ഏതായാലും വിശദമായ അന്വേഷണം നടത്തി മാത്രമേ ചന്തുലാല്‍ സാഹുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.