ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്ഫോടനം: 16 പേര്‍ക്ക് പരുക്ക്

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരില്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം. മല്ലേശ്വരത്തുള്ള ഓഫീസിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച രാവിലെ 10:45 ഓടെയാണ് സംഭവം ഉണ്ടായത്. മോട്ടോര്‍ സൈക്കിള്‍ ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഘവേന്ദ്ര എച്ച് ഔരാദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഓഫീസിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്തെ ഓട്ടോസിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊട്ടിത്തെറിച്ചത് മോട്ടോര്‍ സൈക്കിളില്‍ ബോംബ് ആണെന്ന് വിശദമായ പരിശോധനയിലാണ് വ്യക്തമായത്. തമിഴ്നാട് റജിസ്ട്രേന്‍ നമ്പര്‍ പ്ലേറ്റ് ഉള്ള മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് വിവരം. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമീപത്ത് പാര്‍ക്ക് ചെയ്ത ഒരു പൊലീസ് വാഹനവും മൂന്ന് കാറുകളും ഒരു ബൈക്കും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫോറസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്ന് എന്‍ ഐ എ സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചു. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. സ്ഫോടനം നടന്ന പ്രദേശത്തിന് സമീപം ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങള്‍ക്കിടെ സ്ഫോടനം ഉണ്ടായത് ഭീതി പടര്‍ത്തിയിട്ടുണ്ട്. ബി ജെ പി ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :