കൊല്‍ക്കത്ത|
JOYS JOY|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (11:22 IST)
പശ്ചിമബംഗാളിലെ റാണാഘട്ടില്‍ കൂട്ടബലാത്സംഗത്തിനിരയായി ചികിത്സയില്‍ ആയിരുന്ന കന്യാസ്ത്രീ ആശുപത്രി വിട്ടു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കോണ്‍വെന്റില്‍ വെച്ച് 72 വയസ്സുള്ള കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായത്.
കഴിഞ്ഞദിവസം നടന്ന പരിശോധനകളില്‍ കന്യാസ്ത്രീ ശാരീരികമായും മാനസികമായും ആരോഗ്യവതിയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് അവരെ ആശുപത്രി വിടാന്‍ അനുവദിച്ചത്.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് സി ഐ ഡി റാണാഘട്ടിലെ കോണ്‍വെന്റില്‍ എത്തിയിരുന്നു. ഇതിനിടെ, കേസ് സി ബി ഐക്ക് വിടാന്‍ പശ്‌ചിമബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍, സംഭവം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. പതിനഞ്ചോളം പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചു വരികയാണ്.
അതേസമയം പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വില്‍ക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചിലരുമായി തര്‍ക്കം നിലനിന്നിരുന്നു.