പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ സംഘത്തിന്റെ സൌദി യാത്ര വൈകും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൌദിയിലേക്ക് പുറപ്പെടാനിരുന്ന കേന്ദ്രസംഘത്തിന്റെ യാത്ര വൈകും. സൌദി ഭരണകൂടത്തിലെ മുതിര്‍ന്ന മന്ത്രിമാര്‍ രാജ്യത്ത് ഇല്ലാത്തതാണ് ഇതിന് കാരണം. ഇന്ത്യന്‍ സംഘത്തിന് ഇവരുടെ സമയം ലഭിച്ചിട്ടില്ല. സൌദിയിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്നാണ് യാത്ര നീട്ടുന്നത്.
ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മന്ത്രി ഇ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടിയുമായി ഇവര്‍ ഫോണില്‍ സംസാരിച്ചു. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് സൌദിയിലേക്ക് പുറപ്പെടാനിരുന്നത്. രണ്ട് ദിവസത്തിനകം ഇവര്‍ പുറപ്പെടാനിരുന്നതാണ്. ഇതാണ് ഇപ്പോള്‍ വൈകിയിരിക്കുന്നത്.
അതേസമയം നിതാഖത്തിന്റെ പേരില്‍ ആശങ്കപ്പെടേണ്ടന്നാണ് സൌദി അംബാസഡര്‍ ഇന്ത്യയെ അറിയിച്ചത്. ചെറിയൊരു ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നും വിവരങ്ങളുണ്ട്. നിലവില്‍ സൌദിയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്.