പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപമാനിച്ചു; നരേന്ദ്ര മോഡി
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (09:55 IST)
PTI
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപമാനിച്ചതായി നരേന്ദ്ര മോഡി. നരേന്ദ്രമോഡി ഡല്‍ഹിയില്‍ നടന്ന റാലിയിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
മന്‍മോഹന്‍ സിംഗ് യുഎന്‍ പൊതുസഭയില്‍ പാകിസ്‌ഥാനെതിരെ പരാതി പറയുന്ന ശൈലി കണ്ടപ്പോള്‍ ഒരു ഗ്രാമീണ മുത്തശ്ശി പരാതിപ്പെടുന്നതുപോലെയാണ് തോന്നിയതെന്ന് നവാസ് ഷെരീഫ് അഭിപ്രായപ്പെട്ടിരുന്നു.
മാധ്യമപ്രവര്‍ത്തകരുമായുളള സൗഹൃദ സംഭാഷണത്തിലാണ് നവാസ് ഷെരീഫ് മന്‍മോഹന്‍ സിംഗിനെതിരെ തമാശരൂപേണയുളള അഭിപ്രായപ്രകടനം നടത്തിയത്. പാകിസ്‌താനിലെ ജിയോ ടിവി പ്രതിനിധി ഹമിദ് മിര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് തുടര്‍ന്ന് വിവാദമാകുകയായിരുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കാന്‍ നവാസ് ഷെരീഫിന് എങ്ങനെ ധൈര്യം വന്നുവെന്ന് മോഡി ചോദിച്ചു. നവാസ് ഷെരീഫിന്റെ പ്രസ്താവന സഹിക്കാനാവുന്നതല്ല. പ്രധാനമന്ത്രിയെ അപമാനിച്ചാല്‍ 120 കോടി ജനങ്ങളുള്ള രാജ്യം പൊറുക്കില്ലയെന്നും മോഡി സൂചിപ്പിച്ചു.
യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമയ്ക്കുമുമ്പാകെ ഇന്ത്യയെ ദരിദ്രരാഷ്ട്രമെന്ന് മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചുവെന്നും മോഡി കുറ്റപ്പെടുത്തി. ഇതുകേട്ട് തലകുനിഞ്ഞു പോയിയെന്ന് അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍സിംഗ് ഒബാമയ്ക്കുമുന്നില്‍ യാചിക്കുന്നതാണ് കണ്ടത്.
രാജ്യത്തെ 65 ശതമാനം പേരും 35 വയസ്സില്‍ താഴെയുള്ള യുവാക്കളാണെന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടി കാട്ടിയില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.