പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗ് നടത്തുന്ന അവസാന വിദേശയാത്ര തുടങ്ങി. മ്യാന്‍മാറിലേക്കാണ് അദ്ദേഹം അവസാനത്തെ വിദേശയാത്ര പോകുന്നത്. തിങ്കളാഴ്ച രാവിലെ അദ്ദേഹം യാത്ര പുറപ്പെട്ടു.
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാണിത്. മ്യാന്‍മറിന്റെ തലസ്ഥാനമായ നെയ്പെയ് തായില്‍ നടക്കുന്ന ബിംസ്ടെക് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ശ്രീലങ്ക പ്രസിഡന്റ് മഹീന്ദ രാജപക്ഷെയുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ, ബംഗദേശ്, ശ്രീലങ്ക, തായ്ലന്‍ഡ്, മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംഘടനയാണു ബിംസ്ടെക്. പരസ്പരബന്ധം മെച്ചപ്പെടുത്തല്‍, തീവ്രവാദത്തിനെതിരായ പോരാട്ടം, ഗതാഗത സൌകര്യ വികസനം, വ്യാപാര - വ്യവസായ സഹകരണം, വിനോദസഞ്ചാരം, കാലാവസ്ഥാ വ്യതിയാനം എന്നീ കാര്യങ്ങളില്‍ ധാരണയിലെത്തുകയാണു ഉച്ചകോടിയുടെ മുഖ്യ അജണ്ട.